തിരുവനന്തപുരം: ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ എഴുപത്തിമൂന്നാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കലേക്ക് നടത്തുന്ന തീർഥാടന പദയാത്ര ഇന്ന് വൈകുന്നേരം അഞ്ചിനു പട്ടം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിലെ കബറിടത്തിൽ എത്തിച്ചേരും. റാന്നി പെരുനാട്ടിൽ നിന്ന് ആരംഭിച്ച പ്രധാന തീർഥാടന പദയാത്ര ഇന്നു രാവിലെ പിരപ്പൻകോട് നിന്നുമാരംഭിച്ച് വേറ്റിനാട്, വട്ടപ്പാറ, അരുവിയോട്, നാലാഞ്ചിറ ബഥനി ആശ്രമം, മാർ ഇവാനിയോസ് വിദ്യാനഗർ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് കബറിടത്തിൽ എത്തിച്ചേരും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തീർഥാടകരെ കബറിടത്തിലേക്ക് സ്വീകരിക്കും. മാവേലിക്കര, മാർ ഈവാനിയോസ് ജന്മഗൃഹമായ പുതിയകാവിൽ നിന്നും ആരംഭിച്ച പദയാത്ര ഇന്നു രാവിലെ കാരംമൂട് നിന്ന് ആരംഭിച്ച് കഴക്കൂട്ടം, കാര്യവട്ടം വഴി വൈകുന്നേരം കബറിൽ എത്തിച്ചേരും. മാർത്താണ്ഡത്തു നിന്നും പാറശാലയിൽ നിന്നുമുള്ള പദയാത്രകൾ ഇന്നു വൈകുന്നേരം കബറിൽ എത്തിച്ചേരും.
തുടർന്ന് ആറിനു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാപ്രാർഥന നടക്കും. അതിനുശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന മെഴുകുതിരി നേർച്ച പ്രദക്ഷിണം നടക്കും. കാതോലിക്കാ ബാവയോടൊപ്പം മുഖ്യാതിഥിയായി പങ്കെടുക്കുന്ന സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ആന്റണി പൂളയും മറ്റ് മെത്രാപ്പോലീത്തമാരും നൂറുകണക്കിന് വൈദികരും സന്യസ്തരും വിശ്വാസഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തിൽ അണിചേരും. നാളെ രാവിലെ എട്ടിന് ആഘോഷങ്ങൾ ആരംഭിക്കും.
തുടർന്ന് അഞ്ഞൂറോളം വൈദികരും മെത്രാപ്പോലീത്തമാരും കുർബാനയ്ക്കായി കബർ ചാപ്പലിൽ നിന്നും കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി നീങ്ങും. തുടർന്ന് ആഘോഷമായ സമൂഹബലി, ബലിമധ്യേ കർദിനാൾ ഡോ.ആന്റണി പൂള വചനസന്ദേശം നൽകും.